തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസില്‍ ഒരാൾ കൂടി പിടിയിലായി. സുധീഷിന്റെ സുഹൃത്ത് ഷിബിനെയാണ് ഏറ്റവുമൊടുവിലായി പ്രതി ചേർത്തത്. സുധീഷ് ഒളിവിൽ താമസിക്കുന്ന സ്ഥലം പ്രതികൾക്ക് പറഞ്ഞു കൊടുത്തത് ഷിബിനായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി. കഞ്ചാവ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് നാടിനെ നടുക്കിയ അരുംകൊലയ്ക്കു കാരണമായത്. കൊലയാളി സംഘത്തില്‍ സുധീഷിന്‍റെ സഹോദരി ഭര്‍ത്താവും ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്.
കൊലയാളി സംഘത്തില്‍പ്പെട്ട സച്ചിൻ, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു എന്നീ പ്രതികളെ ഇന്നലെ പിടികൂടിയിരുന്നു. കൊലയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ട പാഷൻ പ്രോ ബൈക്കും പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പിടിയിലായ നന്ദീഷ്, നിധീഷ് , രഞ്ജിത്ത് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സുധീഷിനെ അക്രമിച്ച് കാല്‍വെട്ടിയെടുത്ത മുഖ്യ പ്രതികളായ രാജേഷും ഉണ്ണിയും സഹോദരി ഭർത്താവ് ശ്യാമും ഇപ്പോഴും ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്‍റെ സംഘമെറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഇവർ സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുൻപ് മുഖ്യ പ്രതി രാജേഷിന്‍റെ സഹോദരനെ ആക്രമിച്ച് കൊന്നത് സുധീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഈ വൈരാഗ്യവും കൊലപാതകത്തിന് കാരണമായി.
സംഘം കൊലപാതകം നടത്തുന്നതിന് മുൻപും ശേഷവും ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വ്യത്തിയാക്കിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. അക്രമി സംഘം എത്തുന്നതറിഞ്ഞ് സുധീഷ് ഒരു ബന്ധുവിന്‍റെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വച്ച് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.