കൽപ്പറ്റ : മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയെയും മകളെയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കാക്കവയലില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തുവെച്ചായിരുന്നു സംഭവം.
ആശുപത്രിയിലേക്ക് വന്ന 72 കാരിയെ തിരികെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് ഇവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല കവര്‍ന്നതായാണ് പരാതി. വയോധിക ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ലിസിയെയും മിനിയെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. യുവതിയുടെ മൂന്ന് മാസത്തോളം പ്രായമായ കുഞ്ഞിന് സ്വര്‍ണാഭരണങ്ങളൊന്നുമില്ലാത്തതിനാലാണ് തങ്ങള്‍ കവര്‍ച്ചാ മാര്‍ഗം തെരഞ്ഞെടുത്തതെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. യൂട്യൂബിലും മറ്റും നോക്കിയാണ് കുരമുളക് സ്പ്രേ ആശയം മനസിലാക്കിയത്. ഇവർ സ്ഥിരം മോഷ്ടാക്കളല്ലെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കി.