റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,771 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ 7,163 പേര് രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,542 പേരെയും പിടികൂടിയത്. 2,066 പേര് തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 150 പേര്. ഇവരില്‍ 46 ശതമാനം പേര് യെമന്‍ സ്വദേശികളാണ്. 42 ശതമാനം പേര് എത്യോപ്യക്കാരും 12 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 237 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 8 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 101,086 ലെത്തി. ഇവരില്‍ 89,469 പേര് പുരുഷന്മാരും 11,617 പേര് സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളില്‍ 89,295 പേരെ അവരുടെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയ ഓഫീസുകളിലേക്ക് റഫര്‍ ചെയ്തു.