ദില്ലി : യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. പോളണ്ടിൽ റെഡ് ക്രോസിന്റെ ആംബുലസിലേക്ക് ഹർജോത് സിംഗിനെ മാറ്റി. ഹർജോത് സിംഗ് വ്യോമസേനാ വിമാനത്തിൽ വൈകിട്ട് ഡൽഹിയിലെത്തും. സംഘർഷത്തിനിടെ ഹർജോത് സിംഗിന്റെ പാസ്‌പോർട്ട് നഷ്ടപ്പെട്ടിരുന്നു. ഫെബ്രുവരി 27 നാണ് ഹർജോത് സിംഗിന് വെടിയേറ്റത്. ഇതിനിടെ യുക്രൈനിലെ ഇന്ത്യൻ എംബസിക്കെതിരെ ഹർജോത് സിംഗ് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് വിദ്യാർത്ഥി ആരോപിച്ചിരുന്നു. നിരവധി തവണ വെടിവെച്ചു. തനിക്ക് ലഭിച്ചത് രണ്ടാം ജന്മമാണ്. ഇനിയെങ്കിലും രക്ഷിക്കാൻ എംബസി തയാറാകണമെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു. മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ലെന്നും ഹർജോത് സിംഗ് പറഞ്ഞിരുന്നു.
റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജോത് സിംഗിന് വെടിയേൽക്കുന്നത് . അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്റെ കാലുകളില്‍ മുറിവേറ്റതുകൊണ്ട് നടക്കാനാവില്ല. കീവില്‍നിന്നും ലെവിവിലെത്താന്‍ സഹായം വേണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നയതന്ത്രകാര്യാലയം നല്‍കിയത്. യുക്രെയ്നില്‍ കുടുങ്ങിയ നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോഴും പലയിടത്തും വീടുകളില്‍ അടച്ചിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ഭീതിയില്‍ കഴിയുകയാണ് അവരെന്നും ഹർജോത് സിംഗ് പ്രതികരിച്ചിരുന്നു.