ഡല്‍ഹി : സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹി ആരോഗ്യ മന്ത്രിയുടെ കാര്‍ തടഞ്ഞു. ഡല്‍ഹി ചൗല ഏരിയയില്‍വെച്ചാണ് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞത്. ഗോയല വിഹാറിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരുകയായിരുന്നു മന്ത്രി. മുദ്രാവാക്യം വിളിച്ച് കൂട്ടമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനം മുന്നോട്ടു പോകാത്ത വിധത്തില്‍ തടസമുണ്ടാക്കുകയായിരുന്നു. ചാവ്ല പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറും (എസ്എച്ച്ഒ) സംഘവും ഉടന്‍ സ്ഥലത്തെത്തിയാണ് മന്ത്രിക്ക് കടന്നു പോകാന്‍ വഴിയൊരുക്കിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വാഹനം തടഞ്ഞ സംഭവത്തില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിയെക്കുറിച്ച് പോലീസിന് മുന്‍കൂര്‍ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡിസിപി പറയുന്നത്.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രതിഫലനമാണ് അക്രമങ്ങള്‍ക്ക് പിന്നില്ലെന്നും മന്ത്രിയുടെ വാഹനത്തിന് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഗുണ്ടകള്‍ ആക്രമണം നടത്തിയതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് എഎപി ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ഇത് ഗുണ്ടാസംഘങ്ങളുടെ പാര്‍ട്ടിയായ ബി.ജെ.പിയാണെന്നും തോല്‍ക്കുമ്പോള്‍ അവര്‍ തങ്ങളുടെ തനിനിറം കാണിക്കുമെന്നും കെജ്രിവാള്‍ ട്വീറ്റില്‍ വ്യക്തമാക്കി.