തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണത്തിൽ സിപിഐ അവകാശവാദമുന്നയിക്കും എന്നതിനോട് പ്രതികരിച്ച് സിപിഎം. എല്ലാവർക്കും അവകാശവാദം ഉന്നയിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. വിഷയം മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ശശി മുഖ്യന്ത്രിയുടെ ഓഫീസിൽ എത്തുമോ എന്ന ചോദ്യത്തിന് അതൊക്കെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി.
കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 31ന് നടക്കും. എൽഡിഎഫിന് ലഭിക്കുന്ന രണ്ടു സീറ്റിൽ ഒരെണ്ണം വേണമെന്ന് സിപിഐ അവകാശവാദം ഉന്നയിക്കും. തോമസ് ഐസക് അടക്കമുള്ളവർ സിപിഎം പരിഗണനയിലുണ്ട്. മത്സരിക്കാനില്ലെന്ന് എ കെ ആൻറണി നേരത്തെ അറിയിച്ച സാഹചര്യത്തിൽ പകരക്കാരനാകാൻ കോൺഗ്രസ്സിൽ നിരവധി പേരെ ആലോചിക്കുന്നുണ്ട്.
എ കെ ആൻറണി, സോമപ്രസാദ്, എം വി ശ്രേയാംസ്കുമാർ എന്നിവരുടെ കാലാവധി തീരുന്ന ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സഭയിലെ അംഗസംഖ്യ അനുസരിച്ച് രണ്ട് സീറ്റ് എൽഡിഎഫിനും ഒന്ന് യുഡിഎഫിനുമാണ്. തോമസ് ഐസക്, വിജുകൃഷ്ണൻ, വിപി സാനു, ചിന്താ ജെറോം തുടങ്ങിയ പേരുകൾ സിപിഎം നിരയിൽ ചർച്ചയിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ഐസകിനെ രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യസഭയിൽ ശക്തമായ ശബ്ദമുയർത്താൻ ഐസകാവും കൂടുതൽ നല്ലതെന്ന ചിന്ത പാർട്ടിയിലുണ്ട്.
ശ്രേയാംസ്കുമാറിന്റെ സീറ്റ് അദ്ദേഹത്തിന് തന്നെ വീണ്ടും നൽകണമെന്ന് എൽജെഡി ആവശ്യപ്പെടും. ഇക്കാര്യത്തിൽ സിപിഎം നിലപാടാണ് പ്രധാനം. കഴിഞ്ഞ വട്ടം രണ്ട് സീറ്റും സിപിഎം ഏറ്റെടുത്ത സാഹചര്യത്തിൽ ഇത്തവണ ഒരെണ്ണത്തിന് സിപിഐ അവകാശവവാദം ഉന്നയിക്കും. ഇനി മത്സരിക്കാനില്ലെന്നും കേരളത്തിലേക്ക് മടങ്ങുകയാണെന്നും നേരത്തെ എ കെ ആൻറണി ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ആൻറണി മാറുമ്പോൾ ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോൺഗ്രസ്സിനു മുന്നിലെ വെല്ലുവിളി. മുല്ലപ്പള്ളി രാമചന്ദ്രൻ, ഇടത് ചേരി വിട്ട് കോൺഗ്രസ്സിലേക്ക് എത്തിയ ചെറിയാൻ ഫിലിപ്പ്, വി ടി ബൽറാം തുടങ്ങിയ പേരുകൾ സജീവമാണ്. തൃക്കാക്കര ഉപതെരഞ്ഞെുപ്പിൽ ഉമാ തോമസ് ഇല്ലെങ്കിൽ ബൽറാമിനെ അവിടെ ഇറക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലെ ചർച്ചയോടെ അന്തിമ തീരുമാനത്തിലെക്കെത്തും. മൂന്ന് സ്ഥാനാർത്ഥികൾ മാത്രമാണെങ്കിൽ വോട്ടെടുപ്പ് ഉണ്ടാകില്ല. കേരളത്തിനൊപ്പം അഞ്ച് സംസ്ഥാനങ്ങളിലും 31ന് രാജ്യസഭാ ഉപതരെഞ്ഞെടുപ്പ് നടക്കും.