യുക്രെയ്ൻ : പതിമൂന്നാം ദിവസവും റഷ്യ യുക്രെയ്ന് മേലുള്ള യുദ്ധം തുടരുകയാണ്. ആക്രമണത്തിൽ ഒരിഞ്ച് വീഴ്ചക്ക് റഷ്യ തയാറായിട്ടില്ല. അതേസമയം യുക്രെയ്ൻ റഷ്യ സമാധാന ചർച്ച ഇനിയും തുടരും. മാനുഷിക ഇടനാളി വഴിയുള്ള ഒഴിപ്പിക്കലും തുടരും. ഇതിനിടെ പടിഞ്ഞാറൻ മാധ്യമങ്ങളുടെ ‘വ്യാജ’ വാർത്തകൾ ചെറുക്കാനെന്ന പേരിൽ അമേരിക്കൻ സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് റഷ്യ. ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ട്വിറ്ററിന് നിയന്ത്രണങ്ങളും. എന്നാൽ റഷ്യയിലെ എറ്റവും ജനപ്രിയമായ സമൂഹ മാധ്യമം ഇത് രണ്ടുമല്ല, അത് വി കോണ്ടാക്ട് ആണ്. വി കോണ്ടാക്ട്, റഷ്യയിൽ എറ്റവും കൂടുതൽ പേരുപയോഗിക്കുന്ന സമൂഹമാധ്യമം, 2021ലെ കണക്കനുസരിച്ച് നാൽപ്പത് കോടി ഉപയോക്താക്കൾ.
സ്ഥാപകരെ നമ്മളറിയും പാവെൽ ദുറോവും നികൊളൈ ദുറോവും , ടെലിഗ്രാമാം സ്ഥാപകരായ അതേ ദുറോവ് സഹോദരന്മാർ തന്നെ. പക്ഷേ ഇന്നിപ്പോൾ അവർ രണ്ടു പേരും വി കൊണ്ടാക്ടിന്‍റെ ഭാഗമല്ല. റഷ്യൻ പൗരൻ പോലുമല്ല പാവെൽ ദുറോവിപ്പോൾ. വി കോണ്ടാക്ട് തുറക്കുന്നത് 2006 ഒക്ടോബറിൽ , പെട്ടന്നായിരുന്നു വളർച്ച, നിക്ഷേപകരുമെത്തി. പക്ഷേ കാലാന്തരത്തിൽ ഭൂരിപക്ഷം ഷെയറുകൾ മെയിൽ.ആർയു എന്ന റഷ്യൻ ഇന്റർനെറ്റ് ഭീമന്‍റെ കയ്യിലായി. 2013 ഓടെയാണ് കാര്യങ്ങൾ കൈവിട്ട് പോകുന്നത്. യുക്രെയ്നിൽ യൂറോമെയ്ഡാൻ പ്രതിഷേധങ്ങൾ തുടങ്ങിയ കാലം. യുക്രെയ്നിലും അന്ന് വി കൊണ്ടാക്ടായിരുന്നു താരം , പ്രതിഷേധക്കാർ ഗ്രൂപ്പുകളുണ്ടാക്കി സംഘടിച്ചത് വി കൊണ്ടാക്ടിലൂടെയായിരുന്നു, അവരുടെ വിവരം റഷ്യൻ ഭരണകൂടം ആവശ്യപ്പെട്ടുവെന്നും അത് നൽകാൻ സിഇഒ ആയിരുന്ന പവെൽ വിസമ്മതിച്ചുവെന്നുമാണ് കഥ,.