ദില്ലി : ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റിൽ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയിൽ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിചതായി കേന്ദ്ര സർക്കാർ അറിയിച്ചു. അതേസമയം, സുമിയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കാൻ, റഷ്യയുമായും യുക്രൈനുമായും നയതന്ത്രചർച്ചകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ബസിൽ കയറിയെങ്കിലും വെടി നിർത്തൽ പ്രായോഗിക തലത്തിൽ വരാത്തതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും അക്കാര്യത്തിൽ വിട്ടു വീഴ്ചയ്‌ക്കോ പരീക്ഷണങ്ങൾക്കോ തയ്യാറല്ലെന്നും, ചർച്ചകൾ തുടരുകായാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.