തിരുവനന്തപുരം : വർക്കലയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അഗ്നിരക്ഷാ സേന. ദുരന്തതീവ്രത കൂട്ടിയത് പുകയെന്നാണ് വിവരം. പുക ശ്വസിച്ചാകാം അഞ്ചുപേരും മരിച്ചതെന്നാണ് നിഗമനം. ആർക്കും കാര്യമായ പൊള്ളലേറ്റിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.എസി ഉപയോഗിച്ചതിനാൽ മുറികൾ പൂട്ടിയിരുന്നു. പുക കയറി ബോധം പോയതിനാൽ പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെത്തിയെന്നാണ് നിഗമനം. തീപിടിത്തമുണ്ടായത് മുറിയിലെ എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് സൂചന. മൂന്നു കിടപ്പുമുറികളിലെയും എസി കത്തിയ നിലയിലാണ്. മുറികളിൽനിന്ന് തീ താഴെയുണ്ടായിരുന്ന ബൈക്കുകളിലേക്ക് പടർന്നെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഉൾഭാഗം പൂർണമായി കത്തിയ നിലയിലാണ്.
ഇന്നു പുലർച്ചെ 1.45നാണ് സംഭവം. വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുമകൾ അഭിരാമി (25), ഇളയമകൻ അഖിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂത്തമകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.