കീവ് : റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈൻ. തിങ്കളാഴ്ച ഹാർകിവിൽ നടന്ന ആക്രമണത്തിലാണ് റഷ്യൻ മേജർ ജനറൽ വിറ്റാലി ഗെരാസിമോവിനെ വധിച്ചതെന്ന് യുക്രൈൻ പ്രതിരോധസേന അറിയിച്ചു. സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്ട് ഓഫ് റഷ്യയുടെ 41-ാം ആർമിയുടെ ഫസ്റ്റ് ഡെപ്യൂട്ടി കമാൻഡർ ആയിരുന്നു ഗെരാസിമോവ്. രണ്ടാം ചെചൻയുദ്ധത്തിലും സിറിയയിലെ റഷ്യൻ സൈനിക നടപടിയിലും പങ്കെടുത്ത സൈനികനായിരുന്നു ഗെരാസിമോവ് എന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. റഷ്യയുടെ നിരവധി ഉന്നത സൈനികോദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. റഷ്യയുടെ ഏഴാം എയർബോൺ ഡിവിഷന്റെ കമാൻഡിങ് ജനറലായ ആേ്രന്ദ സുഖോവെറ്റ്സ്കിയും 41-ാം കംബൈൻഡ് ആംസ് ആർമിയുടെ ഡെപ്യൂട്ടി കമാൻഡറും കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.