തിരുവനന്തപുരം: കേരള വഖഫ് ബോര്‍ഡ് സി.ഇ.ഒ സ്ഥാനത്ത് 58 വയസ് വരെ തുടരാൻ അനുവദിക്കണമെന്ന മുഹമ്മദ് ജമാലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജമാൽ മാർച്ച് 31ന് സ്ഥാനം ഒഴിയണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരിന്റെയും, സംസ്ഥാന വഖഫ് ബോർഡിന്റെയും ആവശ്യം പരിഗണിച്ചാണ് ജമാലിന്റെ സേവനം സുപ്രീം കോടതി അവസാനിപ്പിക്കുന്നത്.
അമ്പത്തിയാറ് വയസ്സിന് ശേഷം സേവന അനുഷ്ഠിച്ച കാലയളവിലെ ശമ്പളം ഉൾപ്പടെയുള്ളവയ്ക്ക് ജമാലിന് അർഹത ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അതേസമയം മാർച്ച് 31നകം പുതിയ സിഇഒയെ നിയമിച്ചില്ലെങ്കിൽ പുതിയ ആൾ സ്ഥാനം ഏറ്റെടുക്കുന്നത് വരെ ജമാലിന് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2000-ല്‍ എ.കെ ആന്റണി സര്‍ക്കാരിന്റെ കാലത്താണ് വഖഫ് ബോര്‍ഡിന്റെ സി.ഇ.ഒ ആയി മുഹമ്മദ് ജമാൽ നിയമിതനാകുന്നത്. 2020ലെ സംസ്ഥാന വഖഫ് ഭേദഗതി ചട്ടങ്ങള്‍ പ്രകാരം കേരള വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ വിരമിക്കല്‍ പ്രായം 56 ആണ്. 2020 ൽ 56 വയസ്സ് കഴിഞ്ഞതിനാല്‍ ജമാലിന് ബോര്‍ഡിന്റെ സി.ഇ.ഒ ആയി തുടരാന്‍ അര്‍ഹതയില്ല എന്നായിരുന്നു സർക്കാരിന്റെയും, സംസ്ഥാന വഖഫ് ബോർഡിന്റെയും വാദം.