ദില്ലി : ഉത്തരാഖണ്ഡിൽ കുതിരക്കച്ചവടം തടയാൻ മുന്നൊരുക്കവുമായി കോൺഗ്രസ്. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഉത്തരാഖണ്ഡിലേക്ക് അയച്ചു. ബിജെപിയുടെ കുതിരക്കച്ചവടം തടയുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പോലെ ബിജെപിയും ആശങ്കയിലാണ്. ഭൂരിപക്ഷം കിട്ടുമെന്ന് രണ്ട് പേർക്കും ഉറപ്പില്ല. ഡെറാഡൂണിൽ ഇരുപാർട്ടികളും രഹസ്യ യോഗങ്ങൾ ചേർന്നിരിക്കുകയാണ്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്. എക്‌സിറ്റ് പോൾ ഫലങ്ങൾ ഇരുപാർട്ടികളെയും നിരാശരാക്കിയിട്ടുണ്ട്. ആർക്കും ഭൂരിപക്ഷം കിട്ടില്ലെന്നാണ് സർവേകൾ പറയുന്നത്. ചില സർവേകളിൽ ബിജെപിക്ക് മുൻതൂക്കം നൽകുന്നുണ്ട് ചിലതിൽ കോൺഗ്രസുമായി കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നാണ് പ്രവചിക്കുന്നത്.
തൂക്കുസഭ വരുമെന്നാണ് ഭൂരിഭാഗം സർവേകളും പറയുന്നത്. ആംആദ്മി പാർട്ടി അങ്ങനെ വന്നാൽ ഉത്തരാഖണ്ഡിൽ കിംഗ് മേക്കറാവുമെന്നാണ് സൂചന. സംസ്ഥാനത്ത് ഭൂരിപക്ഷത്തിനായി വേണ്ടത് 36 സീറ്റുകളാണ്. ബിജെപിക്കെതിരെ കടുത്ത ജനവികാരം ഉത്തരാഖണ്ഡിലുണ്ട്. മുഖ്യമന്ത്രിമാർ പലതവണ മാറിയത് അടക്കം ബിജെപിക്കുള്ള പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ മത്സരം ഇത്തവണ കടുപ്പമായിരുന്നു.