പനജി: നിയമസഭാ തിരഞ്ഞെടുപ്പുഫലം വ്യാഴാഴ്ച പുറത്തുവരാനിരിക്കെ ഗോവയിലെ എക്സിറ്റ് പോൾ പ്രവചനങ്ങളിൽ കോൺഗ്രസിനു പിന്നാലെ ആം ആദ്മി ക്യാംപിലും ആശങ്ക. എക്സിറ്റ് പോൾ ഫലങ്ങൾ, ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാത്ത സാഹചര്യത്തിൽ ആം ആദ്‌മി പാർട്ടി തങ്ങളുടെ സ്ഥാനാർഥികളെ ഗോവയിലെ സുരക്ഷിതയിടങ്ങളിലേക്കു മാറ്റിയതായാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നേതാക്കൾ ഇവിടെ തുടരും.
കോൺഗ്രസിനു സർക്കാർ രൂപീകരിക്കാൻ സാധ്യത തെളിഞ്ഞാൽ നടപടികൾ ഏകോപിപ്പിക്കാനുള്ള ചുമതല കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിനു കൈമാറും. എല്ലാ സ്ഥാനാർഥികളെയും ഹോട്ടലിലേക്കു മാറ്റിയ കോൺഗ്രസ് മോഡലാണ് ഗോവയിൽ ആം ആദ്‌മിയും പിന്തുടരുന്നത്.
ഗോവയിൽ ആകെയുള്ള 40 സീറ്റിൽ 21 സീറ്റാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. തുല്യ ശക്തികളുടെ പോരാട്ടമാണെങ്കിലും ചില പോളുകളിൽ കോൺഗ്രസിനു നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. ത്രിശങ്കു സഭ വന്നാൽ തൃണമൂലിനും ആം ആദ്മി പാർട്ടിക്കും കിട്ടുന്ന സീറ്റുകൾ നിർണായകമാകും. ഗോവയിൽ 2017 ആവർത്തിക്കുമെന്നും ആം ആദ്‌മി അക്കൗണ്ട് തുറക്കുമെന്നുമാണ് എക്സിറ്റ് പോൾ പ്രവചനം. രണ്ട് സീറ്റ് വരെ നേടിയാക്കാം.
ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകൾക്കിടെ തൃണമൂൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാക്കളെ ബിജെപിയും കോൺഗ്രസും സമീപിച്ചിരുന്നു. 2017ൽ 17 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ആരെ നിയമസഭാ കക്ഷി നേതാവാക്കുമെന്ന തർക്കം കോൺഗ്രസിൽ നീണ്ടപ്പോൾ മറ്റു പാർട്ടികളുടെ സഹായത്തോടെ ബിജെപി സർക്കാർ രൂപീകരിച്ചു. 2017ലെ തെറ്റു തിരുത്തുമെന്നും തിരഞ്ഞെടുപ്പുഫലം വന്നാൽ ഒരു മിനിറ്റിനകം നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുമെന്നും കോൺഗ്രസ് പറയുന്നു.