ദില്ലി : ഒളിവിൽ കഴിയുന്ന വ്യവസായി വിജയ് മല്യയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ്മാരായ യു.യു ലലിത്, രവീന്ദ്ര എസ് ഭട്ട്, പിഎസ് സരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ് ക്യൂറി ജയ്ദീപ് ഗുപ്തയുടെ കണ്ടെത്തലുകൾ പരിഗണിക്കുന്നത്. കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ വിജയ് മല്യ നടത്തിയ സാമ്പത്തിക ഇടപാടു കേസിലും, കേസ് ഇല്ലാതാക്കാൻ വഴിവിട്ട നീക്കങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ടാണ് പരാതി.
ഉത്തരവ് ലംഘിച്ച് മല്യ തന്റെ മക്കൾക്ക് 40 മില്യൺ ഡോളർ കൈമാറിയത് കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റക്കാരനായി രാജ്യം വിട്ട് നിൽക്കേയാണ് വിവിധമാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തുമായി സൂക്ഷിച്ചിരുന്ന പണം മക്കളുടെ പേരിലേക്ക് മാറ്റിയത്. കഴിഞ്ഞ ഹിയറിംഗിൽ കോടതി മല്യയ്ക്ക് മറുപടി നൽകാനുള്ള അവസാന അവസരം നൽകിയിരുന്നു. കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനായ വ്യക്തി നേരിട്ടോ അല്ലാതേയോ ഹാജരാകാനാണ് സമയം നൽകിയിരിക്കുന്നത്.
നാളെ ഹാജരാകാത്ത പക്ഷം എന്തുവേണമെന്ന് പരമോന്നത നീതിപീഠം തീരൂമാനം എടുക്കും. കോടതിയുടെ തീരുമാനത്തിനെതിരെ മല്യ നൽകിയ പുനഃപരിശോധനാ ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു. നിലവിൽ ബ്രിട്ടണിലുള്ള മല്യയെ ഇതുവരെ കൈമാറിയിട്ടില്ല. 9000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് മല്യ നടത്തിയത്. തന്റെ മദ്യ വ്യാപാരത്തിനൊപ്പം കിംഗ്ഫിഷർ വിമാനക്കമ്പിയുടെ ഇടപാടുകളിലും ബാങ്കുകളെ വഞ്ചിച്ചു.