തിരുവനന്തപുരം : ഓപ്പറേഷൻ ഗംഗ വിജയകരമായ പരിസമാപ്തിയിലേക്കെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സുമിയിലെ രക്ഷാദൗത്യം സമ്മർദ്ദം നിറഞ്ഞതായിരുന്നു. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. സുമിയിൽ ഇന്ത്യൻ പൗരന്മാർ അവശേഷിക്കുന്നതായി അറിയില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥികൾ ലവീവിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിലുള്ള ഇന്ത്യക്കാരോട് ഫെബ്രുവരി 15, 20, 22 തീയതികളിൽ തിരികെ വരണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ജനുവരിയിൽ തന്നെ വിദ്യാർത്ഥികൾക്ക് സൂചന നൽകിയതാണ്. എന്നാൽ രണ്ട് കാരണങ്ങളാൽ കുട്ടികൾ വന്നില്ല. ഒന്ന് സർവകലാശാലകൾ ഓൺലൈനിലൂടെ പഠിപ്പിക്കാൻ സന്നദ്ധരായിരുന്നില്ല. രണ്ട് സ്റ്റുഡന്റ് കോർഡിനേറ്റർമാർ വിവരങ്ങൾ കൈമാറിയില്ലെന്നും വി. മുരളീധരൻ പറഞ്ഞു.
സംഘർഷമുണ്ടാകില്ലെന്നാണ് യുക്രൈൻ സർക്കാർ പറഞ്ഞത്. അത് വിദ്യാർത്ഥികൾ വിശ്വസിച്ചു. അവർ വരാത്തത് ഇന്ത്യൻ എംബസിയുടെ പോരായ്മയല്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്തത്. അവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ നാല് മന്ത്രിമാരെ അതിർത്തികളിലേക്ക് അയച്ചിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അയച്ചതെങ്കിൽ അത് മാധ്യമങ്ങൾക്ക് വാർത്തയാക്കാതെ ഇരുന്നാൽ പോരെയെന്നും മുരളീധരൻ ചോദിച്ചു. സർക്കാർ പ്രഥമ പരിഗണന നൽകുന്നത് സുരക്ഷയ്‌ക്കാണെന്ന് അദ്ദേഹം പറഞ്ഞു.