കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ ദേഹത്ത് ഹോട്ടലില്‍ നിന്ന് കൊണ്ടുപോകുമ്പോഴേ മുറിപ്പാടുകള്‍ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. സംഭവം നടന്ന ദിവസം രാത്രി റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശനിയാഴ്ച രാത്രിയാണ് അങ്കമാലി സ്വദേശിനിയായ സിപ്സി (44) മകന്റെ രണ്ടു മക്കള്‍ക്കും ജോണ്‍ ബിനോയിക്കുമൊപ്പം (26) കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. എല്ലാ ദിവസവും രാത്രി സിപ്സി പുറത്ത് പോകുമായിരുന്നെന്നും ചൊവ്വാഴ്ച പുലര്‍ച്ചെ പരിഭ്രാന്തിയോടെയാണ് അവര്‍ തിരിച്ചുവന്നതെന്നും ഹോട്ടല്‍ ജീവനക്കാരന് പറയുന്നു.
‘ചൊവ്വാഴ്ച രാത്രി വൈകി ഞാനും ഹോട്ടല്‍ മാനേജരും ലാപ്ടോപ്പില്‍ കണക്ക് നോക്കുകയായിരുന്നു. ഇവരുടെ ഒരു ദിവസത്തെ പേയ്മെന്റ് പെന്‍ഡിങ് ഉണ്ടെന്ന് ഞാന്‍ മാനേജരോട് പറഞ്ഞു. ആ സമയത്താണ് ഇവര്‍ പുറത്തുനിന്ന് കയറിവരുന്നത്. പേയ്മെന്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞിന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും തിരിച്ചുവന്നിട്ട് പണം തരാമെന്നും പറഞ്ഞു.’