ന്യൂഡൽഹി: സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുന്ന കെ. റെയിൽ പദ്ധതിയുടെ രൂപരേഖ കെട്ടിച്ചമച്ചതെന്ന് പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തിന്റെ തലവനായിരുന്ന അലോക് കുമാര്‍ വര്‍മ്മ. ഇന്ത്യൻ റെയിൽവെയുടെ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് വിരമിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു സിസ്ട്ര എം.വി.എ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി കെ.റെയിലിന്റെ സാധ്യത പഠനം നടത്തിയത്.ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണ്. പ്രളയ ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതിയുടെ രൂപരേഖയിലില്ല. സ്റ്റേഷനുകള്‍ ഉള്‍പ്പടെ തീരുമാനിച്ചത് കൃത്രിമ ഡി.പി.ആര് വെച്ചാണ്.
കൃത്രിമമായി കെട്ടിപ്പെടുത്ത രേഖയാണ് വിശദ റിപ്പോര്‍ട്ട് എന്ന പേരില്‍ റെയില്‍വേ ബോര്‍ഡിന് മുന്നില്‍ വെച്ചത്. സതേൺ റെയിൽവെ ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഈ ഡി.പി.ആർ സർക്കാർ പുറത്തുവിടണം. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേക്കാള്‍ ചെലവേറിയതാണിത്. യഥാർഥ അലൈൻമെന്റ് ഇനിയും തയാറാക്കിയിട്ടില്ലെന്നും അലോക് കുമാര്‍ വര്‍മ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഫൈനൽ ലൊക്കേഷൻ സർവേ നൽകുന്നത് വരെ റെയിൽവെ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകില്ല. ഡി.പി.ആർ പരസ്യപ്പെടുത്തണം. ബദൽ അലൈൻമെന്റിനെ കുറിച്ച് പഠിക്കാതെയാണ് പാത നിശ്ചയിച്ചിരിക്കുന്നത്. ടെൻഡർ ക്ഷണിക്കുന്നതിന് മുമ്പ് യഥാർഥ പാത കടന്നുപോകുന്ന സ്ഥലങ്ങൾ മാർക്ക് ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അലോക് കുമാർ വർമ ആവശ്യപ്പെട്ടു.
വിശദമായ പഠന റിപ്പോര്‍ട്ട് കൃത്രിമമാെണന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡി.പി.ആര് പുറത്തുവിടണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഉയര്‍ന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡി.പി.ആര് രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ ദുരൂഹതകള്‍ പുറത്തുവരുമെന്നു ഭയന്നാണ്. ഡി.എം.ആർ. സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് കോപ്പിയടിച്ചതാണ് ഇതെന്നുവരെ ആരോപണമുണ്ട്.
80 ശതമാനം മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ -റെയില്‍ ഓടിക്കുമെന്നാണ് പറയുന്നത്. പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡി.പി.ആറിലില്ല. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മൂന്നു പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാവുന്നതല്ല. 124,000 കോടി രൂപ മുടക്കി നടപ്പാക്കുന്ന കെ -റെയില്‍ പദ്ധതി 110,000 കോടി രൂപ ചെലവു വരുന്ന മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേക്കാള്‍ ചെലവേറിയതാണ്. കേരളത്തിനു താങ്ങാനാവാത്തതും രാജ്യത്തെ ഏറ്റവും ചെലവേറിയതുമായ ഈ പദ്ധതി ഉരുക്കുമുഷ്ടി ഉപയോഗിച്ച് നടപ്പാക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.