ദില്ലി : തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ ആദ്യ ഫലസൂചനകൾ പുറത്ത് വന്നു. പഞ്ചാബിൽ ആദ്യ ഫല സൂചന കോൺഗ്രസിന് അനുകൂലമാണ്. ഉത്തർ പ്രദേശിലെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ എട്ട് സ്ഥലങ്ങളിൽ ബിജെപിയും അഞ്ച് സ്ഥലങ്ങളിൽ സമാജ്വാദി പാർട്ടിയും ലീഡ് ചെയ്യുന്നു. ഉത്തരാഖണ്ഡിൽ മൂന്നിടത്ത് ബിജെപിയും, മൂന്നിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. പഞ്ചാബിൽ ശിരോമണി അകാലിദൾ ഒരിടത്ത് മുന്നിട്ട് നിൽക്കുന്നുണ്ട്. ഗോവയിൽ ബിജെപി ഒരിടത്ത് ലീഡ് ചെയ്യുന്നുണ്ട്. മണിപ്പൂരിൽ ആദ്യ ഫലസൂചനകൾ കോൺഗ്രസിനാണ് അനുകൂലം. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ഇതിന് ശേഷമാണ് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. 18.34 കോടി വോട്ടർമാരാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
എക്‌സിറ്റ് പോളുകളുടെ പ്രവചനം ഫലിക്കുമോ, 2017 ലെ ചരിത്രം ആവർത്തിക്കുമോ , പ്രതിപക്ഷം സ്വപ്‌നം കാണുന്ന അട്ടിമറി വിജയം സാധ്യമാകുമോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഇന്ന് ഉത്തരം ലഭിക്കുന്നത്. ഉച്ചയോടെ ഉത്തർ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളുടെ വിധി അറഇയാം. 403 സീറ്റുകളുള്ള യുപിയിൽ മാത്രം വൈകീട്ടോടെ മാത്രമേ തെരഞ്ഞെടുപ്പ് ഫലംപുറത്തുവരികയുള്ളു.