ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്. 16 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ 12 ഇടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ആകെ ഫലസൂചനകളിൽ ബിജെപി തന്നെയാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ആം ആദ്മിയും കോൺഗ്രസും ഓരോ സംസ്ഥാനങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി മത്സരിച്ചത് ഒറ്റയ്ക്കാണ്. കോൺഗ്രസ് ആവട്ടെ, മണിപ്പൂർ പ്രോഗ്രസിവ് സെക്കുലർ അലയൻസ് എന്ന പേരിൽ 6 രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫെബ്രുവരി 28, മാർച്ച് 3 തീയതികളിലായാണ് മണിപ്പൂരിൽ വോട്ടെടുപ്പ് നടന്നത്.
സംസ്ഥാനത്ത് ജയിച്ചുവരുന്നവരെ പിടിച്ചുനിർത്താൻ കോൺഗ്രസ് പദ്ധതികളൊരുക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി എഐസിസിയിലെ ചില മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തി. എന്നാൽ നേതാക്കൾ ആരൊക്കെയാണെന്നത് വ്യക്തമല്ല. ബിജെപിയുടെ ‘ചാക്കിടൽ’ രാഷ്ട്രീയത്തെ ഇത്തവണ ഫലപ്രദമായി തടയാനുള്ള ശ്രമത്തിലാണ് മണിപ്പൂരിലെ കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ വർഷം അസമിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും സമാനമായ തന്ത്രങ്ങൾ കോൺഗ്രസ് സ്വീകരിച്ചിരുന്നു. അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എഐയുഡിഎഫ്) സഖ്യമുണ്ടാക്കിയാണ് പാർട്ടി മത്സരിച്ചത്.