ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസ് 34 വീതം മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുകയാണ്. ഗോവയിൽ ബിജെപിയും കോൺഗ്രസും 15 സീറ്റുകളിൽ വീതം ലീഡ് ചെയ്യുകയാണ്. മണിപ്പൂരിൽ ബിജെപിയ്ക്ക് 24ഉം കോൺഗ്രസിന് 14ഉം ഇടങ്ങളിലാണ് ലീഡുള്ളത്. ഉത്തർപ്രദേശിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. 252 സീറ്റുകളിലാണ് ഇവിടെ ബിജെപി ലീഡ് ചെയുന്നത്. സമാജ്‌വാദി പാർട്ടിയ്ക്ക് 124 സീറ്റുകളിലും കോൺഗ്രസിന് 4 സീറ്റുകളിലും ലീഡുണ്ട്. ബിഎസ്പി 8 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നു. പഞ്ചാബിൽ 74 സീറ്റുകളിൽ ആം ആദ്മി പാർട്ടി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 18 സീറ്റുകളിൽ മുന്നിലാണ്. 4 സീറ്റുകളിലാണ് ഇവിടെ ബിജെപി ലീഡ് ചെയ്യുന്നത്.
ഉത്തർ പ്രദേശിൽ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിലാണ്. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ചെയ്യുന്നത് അതിശയമാണെന്ന് വിദഗ്ധർ അഭിപ്രായപെടുന്നു. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് മേൽ വാഹമിടിച്ച് കയറ്റി 8 പേരെ കൊലപ്പെടുത്തിയ ലഖിംപൂർ ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഗാസിയാബാദ്, ബാഗ്പത് മണ്ഡലങ്ങളിലും ബിജെപി മുന്നിട്ടുനിൽക്കുകയാണ്.