ഉത്തർപ്രദേശിൽ ഭരണത്തുടർച്ച. 403 സീറ്റുകളുള്ള ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പർ കടന്ന് ബിജെപി 300 ലേക്ക് കടക്കുകയാണ്. എസ്പിയുടെ ലീഡ് 91 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസും ബിഎസ്പിയും തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസിനും ബിഎസ്പിക്കും നാല് സീറ്റുകളിൽ മാത്രമേ മുന്നേറ്റമുള്ളു. ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഈ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി. 1972 ൽ ഗൊരഖ്പൂരിൽ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് മാർച്ച് 17, 2017നാണ്. അതിന് മുൻപ് അഞ്ച് തവണ ഗൊരഖ്പൂർ എംപിയായിരുന്നു യോഗി ആദിത്യനാഥ്.
എക്‌സിറ്റ് പോൾ ശരിവച്ചുകൊണ്ടാണ് യുപിയിൽ ബിജെപിയുടെ മുന്നേറ്റം. 2017 ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു. ഈ ചരിത്രം വീണ്ടും ആവർത്തികമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.