ദില്ലി : കേന്ദ്രം ഭരിക്കുന്നവര്‍ ഭീരുക്കളെന്ന് രാഹുല്‍ ഗാന്ധി എംപി. ദില്ലിയിലെ അധികാരവിഭാഗം അവരെ തന്നെ ഭയപ്പെടുകയാണ്. ഈ ഭയത്തില്‍ നിന്ന് ഒളിക്കാനാണ് അവര്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതെന്നും രാഹുല്‍ ഗാന്ധി എം പി പറഞ്ഞു. അരിക്കോട് സുല്ലമുസലാം സയന്‍സ് കോളേജിലെ ഇന്ഡോര്‍ സ്റ്റേഡിയെ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ഞാന്‍ മാത്രമല്ല പ്രതീക്ഷയെന്നും നിങ്ങള്‍ ഓരോരുത്തരുമാണ് പ്രതീക്ഷയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ ഭീരുക്കളായതിനാല്‍ നിങ്ങള്‍ ഭയക്കരുതെന്നും രാഹുല്‍ പറഞ്ഞു. കായികാഭിരുചി ഭയത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനസാക്ഷിക്ക് തോന്നുന്നതാണ് ചെയ്യേണ്ടത്. ഭയപ്പെടില്ല എന്ന് വ്യക്തമാവുന്നതോടെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പിന്മാറുമെന്നും രാഹുല്‍ അരീക്കോട് പറഞ്ഞു.
എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പദ്ധതികള്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ കല്‍പറ്റയില്‍ പറഞ്ഞു. ഇതിനിടെ ചൊവ്വാഴ്ച വയനാട്ടിലെ ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ ഗാന്ധി എത്തിയിട്ടും മുസ്ലിം ലീഗ് നേതാക്കള്‍ വിട്ടുനിന്നത് ശ്രദ്ധേയമായി. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു രാഹുലിന്‍റെ പരിപാടി മുസ്ലിം ലീഗ് ബഹിഷ്കരിച്ചത്.
കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്തില്‍ യു.ഡി.എഫിനുള്ളില്‍ ഭിന്നത രൂക്ഷമായിട്ടും ഇത് പരിഹരിക്കാന്‍ ജില്ലാനേതൃത്വം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കൂടിയായിരുന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധം. പഞ്ചായത്തില്‍ കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഈ നിലപാടില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, ജനറല്‍ സെക്രട്ടറി കെ.എം. ഫൈസല്‍ എന്നിവര്‍ നേരത്തെ അറിയിച്ചിരുന്നു.