ഡൽഹി: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി. തോൽവിയിൽ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ‘ജനവിധി വിനയപൂർവ്വം സ്വീകരിക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് ആശംസകൾ. കഠിനാധ്വാനത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി. ഞങ്ങൾ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യും’ -രാഹുൽ ട്വീറ്റ് ചെയ്തു.
അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ പ്രതിപക്ഷത്തെ നയിക്കാൻ അവകാശവാദമുന്നയിക്കാൻ പോലും കെൽപ്പില്ലാതെയാവുകയാണ് കോൺഗ്രസ്. അതിലേറെ തിരിച്ചടിയായത് പഞ്ചാബിലെ ഭരണം നഷ്ടമായതാണ്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും പാർട്ടി നിലംതൊട്ടില്ല.കനത്ത പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളൊന്നും വലിയ പ്രതികരണങ്ങൾക്ക് മുതിർന്നിട്ടില്ല.
കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റലില്‍ വന്നത് രാഹുലിന്‍റെ വാക്കുകളാണ്. രാഹുലിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗമാണ് ട്വീറ്റില്‍ ഉള്ളത്. ‘ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല’-ട്വീറ്റിൽ പറയുന്നു.