വാഷിങ്ടൺ ഡിസി: 52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് അമേരിക്കയിൽ പിടിയിലായി. വസ്ത്രങ്ങൾക്കിടയിൽ വെച്ചാണ് ജീവനുള്ള 52 ഇഴജന്തുക്കളുമായി യു.എസിലേക്ക് ഇയാൾ കടക്കാൻ ശ്രമിച്ചത്. യുവാവിനെ യു.എസ് അതിർത്തി രക്ഷാ സേനയാണ് പിടികൂടിയത്.
മെക്സിക്കൻ അതിർത്തിയായ സാൻ യസീഡ്രോ ക്രോസിങ്ങിൽ ഇയാൾ എത്തിയതായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി) അധികൃതർ അറിയിച്ചു. പ്രതി ഓടിച്ചിരുന്ന ട്രക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഫെബ്രുവരി 25ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ദേഹ പരിശോധനക്കിടെ യുവാവിന്‍റെ പാന്‍റിന്‍റേയും ജാക്കറ്റിന്‍റെയും പോക്കറ്റിൽ നിന്നുമാണ് ഇഴജന്തുക്കളെ കണ്ടെത്തിയത്. 43 കൊമ്പുള്ള പല്ലികൾ, ഒമ്പത് പാമ്പുകൾ എന്നിവയും ചെറിയ ബാഗുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്നു.
കടത്തുകാർ അവരുടെ ഉൽപ്പന്നം നേടുന്നതിന് സാധ്യമായ എല്ലാ വഴികളും ശ്രമിക്കാറുണ്ട്. മൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ശ്രദ്ധിക്കാതെ, മൃഗങ്ങളെ യു.എസിലേക്ക് കൊണ്ടുവരുന്നതിനായി കള്ളക്കടത്തുകാരൻ സി.ബി.പി ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും സാൻ ഡിയാഗോയിലെ ഫീൽഡ് ഓപ്പറേഷൻസ് സി.ബി.പി ഡയറക്ടർ സിഡ്നി അക്കി പറഞ്ഞു. ജീവനുള്ള ഇഴജന്തുക്കളെ കടത്താൻ ശ്രമിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു.