കോവിഡിന് ശേഷം ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കൂടുതൽ സമയം ആവശ്യമാണ്. പ്രത്യേകിച്ചും തലമുടിയുടെ സംരക്ഷണത്തിന്. കാരണം കോവിഡിനുശേഷം പലരിലും മുടി കൊഴിച്ചിൽ അതിരൂക്ഷമായിരിക്കുന്നു. രാവിലെ തല കഴുകുന്നതു മാത്രം കാര്യമില്ല. ദിവസം മുഴുവൻ, കൃത്യമായ ഇടവേളകളിൽ തലമുടിക്ക് പരിചരണം ആവശ്യമാണ്. ജീവിതരീതിയിലുൾപ്പടെ മാറ്റങ്ങൾ വേണം. മുടിയിഴകളേക്കാൾ ശിരോചർമത്തിന് പ്രധാന്യം കൊടുക്കുന്ന ഹെയർ കെയർ രീതികളാണ് എപ്പോഴും നല്ലത്. ചെടിയുടെ വളർച്ചയിൽ മണ്ണിനുള്ള പ്രാധാന്യം പോലെയാണ് മുടിയുടെ വളർച്ചയിൽ ശിരോചർമത്തിന്റെ സ്ഥാനം. അതുകൊണ്ട് ശിരോചർമത്തിന്റെ ആരോഗ്യം ഉറപ്പാക്കി മുടി സംരക്ഷിക്കാം. സൾഫേറ്റ് പോലുള്ള കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ ശിരോചർമത്തിൽ ഉപയോഗിക്കുന്നത് ഒഴിവാക്കാം.
തലമുടിയുടെ പരിചരണത്തിനായി പരമ്പരാഗത പൊടിക്കൈകൾ പിന്തുടരുക. ഉള്ളി ജ്യൂസ് ഉപയോഗിച്ച് മുടിയിൽ മസാജ് ചെയ്യുന്നതും വെളിച്ചെണ്ണയും ആൽമണ്ട് ഓയിലും വിറ്റാമിൻ ഇ കാപ്സ്യൂളും ചേർത്ത് തലയിൽ പുരട്ടുന്നതും മുടികൊഴിച്ചിൽ കുറയ്ക്കും. മുടി വളരാൻ ആയുർവേദിക് ഓയിലുകൾ, വിറ്റാമിൻ ഇ, നെല്ലിക്ക, ഷിക്കാകായ് എന്നിവ ഉപയോഗിക്കാം. ഹെയർ കെയറിന്റെ ഭാഗമായി ഡയറ്റിൽ മാറ്റം വരുത്താന്‍ തയാറാവുക. വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ, കെരാറ്റിൻ എന്നിവ അടങ്ങിയ മുട്ട, ഉള്ളി, മധുരകിഴങ്ങ്, സൂര്യകാന്തി വിത്ത്, വെളുത്തുള്ളി എന്നിവയ്ക്ക് ആഹാരത്തിൽ പ്രാധാന്യം നൽകേണ്ടതുണ്ട്. മാത്രമല്ല നന്നായി വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതാകും. ഇതു ചർമ–കേശ സംരക്ഷണത്തിനും ഫലപ്രദമാണ്.