കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കി എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി ആർ. ബിന്ദു പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും രാഷ്ട്രീയം സജീവ ചർച്ചയാകുന്നയിടത്താണ് വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേൾസ് ഹയർസെക്കന്‍ററി സ്കൂൾ മുമ്പേ നടക്കുന്നത്.
പെൺകുട്ടികളുടെ സ്കൂളെങ്കിലും ഹയർ സെക്കന്ററിയിൽ ആൺകുട്ടികളുമുണ്ട്. ഇക്കുറി പ്രവേശനം നേടിയ പ്ലസ് വൺ ബാച്ചിലാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. 260 കുട്ടികളും ബുധനാഴ്ച മുതൽ ഏകീകൃത വേഷത്തിൽ സ്കൂളിലെത്തും. പരിപാടിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ പ്രതിഷേധവും ശക്തമാണ്. പുതിയ യൂണിഫോമണിഞ്ഞ് കുറച്ചു കുട്ടികൾ ചൊവ്വാഴ്ച സ്കൂളിലെത്തിയതോടെ പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകരുമെത്തി. കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റമെന്നും എംഎസ്എഫ് ആരോപിക്കുന്നു. എന്നാൽ രക്ഷിതാക്കൾക്കോ, കുട്ടികൾക്കോ ഇല്ലാത്ത ആശങ്കയാണ് എതിർക്കുന്നവർക്കെന്ന് സ്കൂൾ അധികൃതർ പറയുന്നു. പ്രതിഷേധങ്ങളുയരുമെങ്കിലും മാതൃകയാവുന്ന തീരുമാനവുമായി മുന്നോട്ടുതെന്നെയെന്ന് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പറയുന്നു.












