ദില്ലി : ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന കാഴ്ചവെച്ചത് തീർത്തും ദയനീയമായ പ്രകടനം. നോട്ടയ്ക്ക് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് ഈ സംസ്ഥാനങ്ങളിൽ ശിവസേനയ്ക്ക് കിട്ടിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിലൂടെ വ്യക്തമാകുന്നത്.
മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായും കോണ്‍ഗ്രസുമായുമുള്ള സഖ്യത്തില്‍ അധികാരത്തിലുള്ള ശിവസേന മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പലേടത്തും മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല. ഗോവയിൽ നടന്ന തെരഞ്ഞെടുപ്പിൽ ശിവസേന 10 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഇവർക്കെല്ലാം കെട്ടിവെച്ച പണം നഷ്ടമായി. ഗോവയില്‍ പോള്‍ ചെയ്ത മൊത്തം വോട്ടിന്റെ 1.12 ശതമാനം നോട്ട ഓപ്ഷന്‍ നേടിയപ്പോള്‍ സേനയ്ക്ക് വെറും 0.18 ശതമാനം വോട്ടാണ് ലഭിച്ചത്.
കോര്‍ട്ടാലിമില്‍ (55 വോട്ടുകള്‍), ക്യൂപെം (66), വാസ്‌കോ-ഡ-ഗാമ (71), സാന്‍ക്വലിം (99) എന്നിവിടങ്ങളില്‍ സേന സ്ഥാനാര്‍ത്ഥികള്‍ക്ക് 100ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ശിവസേന 0.03 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ നോട്ടയ്ക്ക് ലഭിച്ചത് 0.69 ശതമാനം വോട്ടാണ്. ആറ് സീറ്റിലാണ് മണിപ്പൂരില്‍ ശിവസേന മത്സരിച്ചത്. ഇവിടെ നോട്ടയ്ക്ക് 0.54 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ സേനയ്ക്ക് 0.34 ശതമാനം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.