ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ജനങ്ങളുടെ തീരുമാനമാണെന്നും ആ തീരുമാനത്തില്‍ തെറ്റില്ലെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. പഞ്ചാബിലെ തോല്‍വി ഒരു രാഷ്ട്രീയമാറ്റമാണ്. അത് തീരുമാനിച്ചത് ജനങ്ങളാണ്. ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് സിദ്ദു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ജനങ്ങള്‍ക്ക് ഒരിക്കലും തെറ്റില്ല, ജനങ്ങളുടെ ശബ്ദം ദൈവത്തിന്‍റെ ശബ്ദമാണ്. അത് നാം വിനയത്തോടെ മനസിലാക്കുകയും അംഗീകരിക്കുകയും വേണം- സിദ്ദു പറഞ്ഞു. പഞ്ചാബിന്‍റെ ഉന്നമനത്തിനായാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. അതില്‍ നിന്നും ഒരക്കലും വ്യതിചലിച്ചിട്ടില്ല. ഇനി ഒരിക്കലും വ്യതിചലിക്കുകയുമില്ല. ‘ഒരു യോഗി ഒരു ധര്‍മ്മസമരത്തിലായിരിക്കുമ്പോള്‍ അയാള്‍ എല്ലാ കെട്ടുപാടുകളും പരിത്യജിക്കുന്നു, എല്ലാ ബന്ധങ്ങളില്‍ നിന്നും സ്വതന്ത്രനാകുന്നു. അവര്‍ മരണത്തെ പോലും ഭയപ്പെടുന്നില്ല. ഞാന്‍ പഞ്ചാബിലുണ്ട്, ഇവിടെ തന്നെ തുടരും’- സിദ്ദു പറഞ്ഞു.
ജനങ്ങളുമായുള്ള എന്റെ ബന്ധത്തിന് ഒരു ഉടവും സംഭവിച്ചിട്ടില്ല. അത് ആത്മീയവും ഹൃദ്യവുമാണ്. തെരഞ്ഞെടുപ്പ് വിജയങ്ങളിലും തോൽവികളിലും ഒതുങ്ങുന്നതല്ല ആ ബന്ധം. പഞ്ചാബിലെ ജനങ്ങളിൽ ഞാൻ ദൈവത്തെയും അവരുടെ ക്ഷേമത്തിൽ എന്റെ ക്ഷേമത്തെയും കാണുന്നു- സിദ്ദു പറഞ്ഞു.
അമൃത്സർ ഈസ്റ്റ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ജീവൻജ്യോത് കൗറിനോട് 6000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിദ്ധു പരാജയപ്പെട്ടത്. സിദ്ദുവിന് 32,929 വോട്ടുകളാണ് നേടാനായത്. അതേസമയം ജീവന്‍ജ്യോത് കൗറിന് 39,520 വോട്ടുകൾ ലഭിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് പഞ്ചാബിൽ ഭരണപക്ഷമായ കോൺഗ്രസ് ഏറ്റുവാങ്ങിയത്. ബിജെപിക്കും മുകളിൽ കുറഞ്ഞ വർഷങ്ങളുടെ മാത്രം രാഷ്ട്രീയ പാരമ്പര്യമുള്ള ആംആദ്മി പാർട്ടി കോണ്‍ഗ്രസിനെ വെട്ടി ജയിച്ച് കയറുകയും കോൺഗ്രസ് ഏറ്റവും പിന്നിലേക്ക് തഴയപ്പെടുകയും ചെയ്തു.
പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമായി എല്ലാവശങ്ങളിൽ നിന്നും വിരൽ ചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്. അത് പഞ്ചാബിന്റെ അടിവേരിളക്കിയെന്ന് അണികളും നേതാക്കളും രഹസ്യമായും പരസ്യമായും മുറുമുറുക്കുന്ന നവ്ജോത് സിംഗ് സിദ്ദുവിലേക്ക് തന്നെയാണ്.
സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനാക്കിയതിൽ പാർട്ടി ഖേദിക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗ് പടിയിറങ്ങിയത്. അമരീന്ദർ സിംഗിന്റെ വാക്കുകൾ വെറുതെയായില്ല.
ദേശീയ നേതൃത്വവുമായി അടുപ്പം പുലർത്തിയിരുന്ന അമരീന്ദർ സിംഗിനെ ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ സിദ്ദുവിന്റെ കസേര മോഹമായിരുന്നു. എന്നാൽ മുഖ്യമന്ത്രി പദം സിദ്ദുവിന് നൽകാൻ നേതൃത്വം തയ്യാറായില്ല. പകരം സംസ്ഥാന നേതൃത്വം സിദ്ദുവിനെ ഏൽപ്പിച്ചു. ക്യാപ്റ്റനെ വെട്ടി സിദ്ദുവിനെ നേതൃ സ്ഥാനത്ത് ഇരുത്തിയോടായാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ കൂടുതൽ വഷളായതും നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റി വീണതും.