ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ വി.കെ ശശികലക്കും ഭർതൃ സഹോദരി ഇളവരശിക്കും കോടതി ജാമ്യം അനുവദിച്ചു. ബംഗളുരുവിലെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയാണ് ജാമ്യം അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കെ ജയിലിൽ ശശികലക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന ആരോപണമുണ്ടായിരുന്നു.
ഇതിനായി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർക്ക് ശശികല രണ്ട് കോടി രൂപ നൽകിയെന്ന് മുൻ ഡി.ഐ.ജി ഡി രൂപയും ആരോപിച്ചിരുന്നു. 2018ൽ ഹരജി പരിഗണിച്ച കർണാടക സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. കർണാടക ജയിൽ ഉദ്യോഗസ്ഥർക്കെതിരയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.വെള്ളിയാഴ്ചയാണ് എ.സി.ബി കോടതി വികെ ശശികലയ്ക്കും ഭർതൃ സഹോദരി ഇളവരശിക്കും ജാമ്യം അനുവദിച്ചത്.