തിരുവനന്തപുരം: പട്ടം-കണ്ണമ്മൂല തോട്ടിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തിയത് പരിഭ്രാന്തിക്കിടയാക്കി. ഏകദേശം 125 കിലോയോളം ചത്ത മീനുകളെയാണ് കോർപറേഷൻ നേതൃത്വത്തിൽ കോരിമാറ്റി നശിപ്പിച്ചത്.മീനുകളുടെ സാമ്പിളുകൾ വിഴിഞ്ഞത്തെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. മലനീകരണ നിയന്ത്രണ ബോർഡിൽ നിന്നുളള ഉദ്യോഗസ്ഥരും എത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. പരിശോധന ഫലങ്ങൾ വരുന്നതുവരെ സമീപവാസികൾ തോട്ടിലെ വെള്ളത്തിൽ ചൂണ്ടയിടുന്നതും ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ ചത്തുപോയ വളർത്തുമീനുകളെ ആരെങ്കിലും തോട്ടിൽ കൊണ്ടിട്ടതോ അതല്ലെങ്കിൽ ചൂണ്ടയിടുന്നവർ വിൽക്കാതെ വന്ന മീനുകൾ തോട്ടിൽ കൊണ്ട് തള്ളിയതോ ആകാമെന്നാണ് കോർപറേഷൻ ആരോഗ്യവിഭാഗം വ്യക്തമാക്കിയത്. ഇതിനൊപ്പം തോട്ടിലുള്ള മറ്റ് മീനുകൾക്ക് ഒരു പ്രശ്നങ്ങളില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എങ്കിലും പരിശോധനഫലം വന്നാൽ മാത്രമേ എന്താണ് കാരണമെന്ന് വ്യക്തമാവുകയുള്ളൂവെന്ന് കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ഗോപകുമാർ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയോടെയാണ് മീനുകൾ ചന്തുപൊന്തുന്ന വിവരം നാട്ടുകാർ കോർപറേഷൻ ആരോഗ്യവിഭാഗത്തെ അറിയിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ് മീനുവിന്റെ നേതൃത്വത്തിൽ ജീവനക്കാരെത്തി പരിശോധിച്ചതിൽ നിന്നാണ് മെഡിക്കൽ കോളജ് ചാലക്കുഴി മുതൽ കരിക്കകംവരെ ദൂരത്തിൽ പലേടങ്ങളിലായി മീനുകൾ ചത്തുപൊന്തിയതായി കണ്ടെത്തിയത്.സാധാരണ തോടുകളിലും മറ്റ് ജലാശയങ്ങളിലും മീനുകൾ ചത്തുപൊന്തുന്നത് മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നത് കാരണം വെള്ളത്തിലെ ഓക്സിജൻ അളവ് കുറയുന്നതാണ് കാരണമെന്ന് ഡോ. ഗോപകുമാർ പറഞ്ഞു.രാസപദാർഥങ്ങൾ അടങ്ങിയ വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടാലും മീനുകളും മറ്റ് ജീവജാലങ്ങളും ചത്തുപൊന്താം. ഇത് കൂടാതെ കെട്ടിനിൽക്കുന്ന വെള്ളത്തിലെ മാലിന്യങ്ങളിൽ നിന്ന് വൈറസ് പോലുള്ള രോഗബാധക്കും സാധ്യതയുണ്ടാകാം.