ദില്ലി: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജി. സമീപനം മാറ്റിയാല്‍ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് മമത ബാനര്‍ജി പറഞ്ഞു. ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കാന്‍ സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനുള്ള ക്ഷണം.
പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി മുന്‍പ് ചോദ്യം ചെയ്ത മമത ബാനര്‍ജി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിലപാട് മയപ്പെടുത്തുകയാണ്. കോണ്‍ഗ്രസിന് താല്പര്യമുണ്ടെങ്കില് ലോക് സഭ തെരഞ്ഞടുപ്പില്‍ ഒന്നിച്ച് പോരാടാമെന്ന് മമത ബാനര്‍ജി പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് ദില്ലിയിലെത്തി മമത നടത്തിയ സഖ്യ ചര്‍ച്ചകളോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്ത് നിര്‍ത്തിയുള്ള നീക്കത്തോട് മമതക്കും താല്പര്യമില്ല. ഗാന്ധി കുടംബത്തെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പതിവ് രീതി വേണ്ടെന്നാണ് ഇപ്പോഴത്തെ ക്ഷണത്തില്‍ മമത പരോക്ഷമായി പറഞ്ഞുവയ്ക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവരുമായി നേരത്തെ ചര്‍ച്ച നടത്തിയ മമതയുടെ നീക്കത്തിന് ആം ആംദ്മി പാര്‍ട്ടിയുടെ വിജയവും പ്രേരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സഹകരിച്ച് ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ പിന്തുണയും മമത ഉറപ്പിച്ചിട്ടുണ്ട്.