തിരുവനന്തപുരം : ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ പുതപ്പും വിരികളുമടക്കമുള്ള എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയെങ്കിലും യാത്രാസൗജന്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ലോക്ക്ഡൗണിനു മുമ്പ് മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ 37 വിഭാഗങ്ങള്‍ക്ക് യാത്രാ ആനുകൂല്യങ്ങളുണ്ടായിരുന്നു. ഇത് പുനസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് 2020 മേയ് 11നാണ് എ.സി കോച്ചുകളിലേക്ക് പുതപ്പും വിരിയും കര്‍ട്ടനും മറ്റും നല്‍കുന്നത് നിര്‍ത്തലാക്കിയത്. കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടും പുതപ്പും വിരിയും മറ്റും ലഭ്യമാക്കാത്തതില്‍ യാത്രക്കാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 10നു ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്.
നേരത്തെ പുതപ്പും വിരിയും നിറുത്തിയതോടെ രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ബെഡ് റോള്‍ കിറ്റുകള്‍ വില്പനയ്‌ക്കെത്തിയിരുന്നു. റെയില്‍വേ ബോര്‍ഡിന്റെ പുതിയ തീരുമാനമനുസരിച്ച് സോണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശമെത്തിയെങ്കിലും പുതപ്പും വിരിയും ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. റെയില്‍വേ നിശ്ചയിച്ച കരാര്‍ സ്ഥാപനങ്ങള്‍ക്കാണ് ട്രെയിനുകളില്‍ ഇവയുടെ വിതരണച്ചുമതല നല്‍കിയിരിക്കുന്നത്. ഈ കമ്പനികള്‍ വീണ്ടും തൊഴിലാളികളെ നിയോഗിച്ച് ഇവ എത്തിക്കാന്‍ കുറച്ച് ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.