ദില്ലി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ടേം 1 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസ് ടേം 1 പരീക്ഷകളുടെ മാർക്ക് ഷീറ്റുകൾ ബോർഡ് അതത് സ്‌കൂളിലേക്ക് അയച്ചുവെന്നും സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് സ്കൂളുകൾ വഴി സ്കോർ അറിയാം. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയിലൂടെ പരീക്ഷ ഫലം ലഭ്യമാകും. 2021 നവംബർ-ഡിസംബർ മാസങ്ങളിലാണ് പരീക്ഷ നടന്നത്.
കൊവിഡ് സാഹചര്യവും അതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത്, CBSE 2021-22 അക്കാദമിക് വർഷത്തെ പരിക്ഷകൾ രണ്ട് ടേമുകളിലായിട്ടാണ് നടത്തുന്നത്. ആദ്യ ടേം 2021 നവംബർ-ഡിസംബർ മാസങ്ങളിൽ നടന്നപ്പോൾ, രണ്ടാം ടേം ഏപ്രിൽ 26 മുതൽ നടക്കും. കഴിഞ്ഞ വർഷം പത്താം ക്ലാസിലെ മൊത്തം വിജയശതമാനം 99.4 ശതമാനമായിരുന്നു. 33 ശതമാനം മാർക്ക് നേടിയാൽ മാത്രമേ പാസ്സായതായി പരിഗണിക്കുകയുള്ളൂ. cbse.gov.in, cbseresults.nic.in. എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാണ്.