കോഴിക്കോട്: സിനിമാ സംഘടനയായ എ.എം.എം.എയുടെ വനിതാദിന പരിപാടിയില്‍ മുന്‍മന്ത്രി കെ.കെ ശൈലജ നടത്തിയ പ്രസംഗത്തിനെതിരെ കെ.കെ രമ എം.എല്‍.എ. കെ.കെ ശൈലജ എം.എൽ.എ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിരാശ ജനകവുമാണെന്ന് കെ.കെ രമ പറഞ്ഞു.
“എന്തിനാണ് വർഷങ്ങളോളം സഹിച്ചിരിക്കുന്നത് ? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പർശമോ ഉണ്ടായാൽ അപ്പോ പറയണം ഇവിടെ നിർത്തണമെന്ന്. ആ ആർജ്ജവം സ്ത്രീകൾ കാണിക്കണം” എന്നായിരുന്നു ശൈലജ ടീച്ചര്‍ പറഞ്ഞത്. ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാള്‍ക്കും ഈ വാചകങ്ങള്‍ കേട്ടു നില്‍ക്കാനാവില്ലെന്നും കെ.കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.
പരാതി ഉന്നയിക്കാനും നിയമ പോരാട്ടം നടത്താനുമുള്ള സാമ്പത്തിക, സാമൂഹ്യ പിന്‍ബലവും അവബോധവും ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ലാത്തവരുടെ എണ്ണം തന്നെയാണ് ലോകത്താകെയും കൂടുതല്‍. സ്ത്രീ പീഡകരെ കമ്മിറ്റികളില്‍ അരിയിട്ടു വാഴിക്കുന്ന, പരാതി ഉന്നയിച്ച വനിതാ സഖാക്കളെ നിശ്ശബ്ദരാക്കി പുറം തള്ളുന്ന, കൂടുതല്‍ സ്ത്രീകള്‍ കമ്മിറ്റിയില്‍ വന്നാല്‍ സംഘടന പൊളിയുമെന്ന് ഫലിതം പറയുന്ന ഒരു സംഘടനാ സംവിധാനത്തില്‍ തിരുത്തല്‍ ശക്തിയാവാന്‍ കഴിയില്ല എന്ന് മാത്രമല്ല, ആ ആണഹന്തയെ പിന്തുണക്കുന്നവര്‍ക്കേ നിലനില്പുളളൂ എന്നാണ് ഇത്തരം പ്രസ്താവനകള്‍ തെളിയിക്കുന്നതെന്നും കെ.കെ രമ പറഞ്ഞു.