ആലപ്പുഴ: തകഴിക്ക് പിന്നാലെ നെടുമുടിയിലും കരുവാറ്റയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപാലിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് രോഗം ഉറപ്പിച്ചത്. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് സ്വദേശി ബെന്നിച്ചൻ, 15ാം വാർഡിലെ സുമേഷ്, 12ാം വാർഡിലെ ബാബു, കരുവാറ്റ എസ്.എൻ. കടവ് സ്വദേശി രാജു എന്നിവരുടെ താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ബുധനാഴ്‌ച മുതൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിെൻറ ഒരു കിലോമീറ്റർ ചുറ്റളവിൽ താറാവുകളെയും മറ്റുപക്ഷികളെയും കൊന്ന് സംസ്കരിക്കും.
നെടുമുടിയിൽ 22803ഉം കരുവാറ്റയിൽ 15875ഉം ഉൾപ്പെടെ 38,678 പക്ഷികളെയാണ് കൊല്ലുക. രോഗവ്യാപനം തടയാൻ മൃഗസംരക്ഷണ വകുപ്പിെൻറ റാപിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ 10 സംഘമായി തിരിഞ്ഞാണ് കൊല്ലുന്ന നടപടികൾ പൂർത്തിയാക്കുക. നെടുമുടിയിൽ ആറും കരുവാറ്റയിൽ നാലും ടീമുകൾ ഇതിന് നേതൃത്വം നൽകും. താറാവുകൾ കൂട്ടത്തോടെ ചത്തതിനാൽ എച്ച്5 എൻ1 വകഭേദത്തിൽപെട്ട ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളാണെന്നാണ് നിഗമനം. ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് തകഴി പഞ്ചായത്തിലെ 10 വാർഡിലാണ്. ഇവിടെ പതിനായിരത്തിലധികം താറാവുകളെ കൊന്ന് സംസ്കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റിടങ്ങളിലും രോഗം. സംശയത്തിൽ സാമ്പിൾ ശേഖരിച്ചതിന് പിന്നാലെ നെടുമുടി, കരുവാറ്റ അടക്കമുള്ള പ്രദേശങ്ങളിൽ മാത്രം കർഷകരുടെ 12500ലധികം താറാവുകളാണ് ചത്തത്.
ഇവ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ താറാവ് വളര്‍ത്തല്‍ കേന്ദ്രമായ കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ മേഖല കടുത്ത ആശങ്കയിലാണ്. ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ട് വളര്‍ത്തുന്ന രണ്ടുലക്ഷത്തോളം താറാവുകളാണ് മേഖലയിലുള്ളത്. വായുവിലൂടെ അതിവേഗം പകരുന്നതിനാല്‍ പക്ഷികളില്‍ രോഗം വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. രോഗബാധ സ്ഥിരീകരിച്ച 10 കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെ മാംസവും മുട്ടയും വിൽപനയും വിപണനവും നിർത്തിവെച്ചിട്ടുണ്ട്.