തിരുവനന്തപുരം : ഗുണ്ടകൾക്കൊപ്പം യൂണിഫോമിൽ മദ്യപിച്ച പോലീസുകാരന് സസ്പൻഷൻ. പോത്തൻകോട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിഹാനെയാണ് സസ്പൻഡ് ചെയ്തത്. കൊലക്കേസ് പ്രതികൾക്കൊപ്പമായിരുന്നു മദ്യപാനം. ഗുണ്ടാ നേതാവ് മെന്റൽ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കൊപ്പമാണ് മദ്യപിച്ചത്. ഇതേ സ്‌റ്റേഷനിലെ സിഐക്ക് എതിരേ മണൽ മാഫിയയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. തുക കൈക്കൂലി വാങ്ങിയതിന്റെ ഗൂഗിൾ പേ സ്‌ക്രീൻ ഷോട്ട് ഐ.ജി.ക്ക് ലഭിച്ചിരുന്നു. സ്പെഷ്യൽ ബ്രാഞ്ചും സിഐക്കെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഫെബ്രുവരി 7നാണ് മെൻ്റൽ ദീപു മരണപ്പെടുന്നത്. മദ്യപിക്കുന്നതിനിടെ ദിവസങ്ങൾക്ക് മുമ്പ് മെന്റൽ ദീപുവിനു നേരെ ആക്രമണമുണ്ടായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേയിരുന്നു മരണം.
സംഭവത്തിൽ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കേസിൽ അയിരൂപ്പാറ സ്വദേശി കുട്ടൻ ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. അയിരൂപ്പാറ സ്വദേശി സ്റ്റീഫനെക്കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നുമാണ് പൊലീസ് പറഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മങ്ങാട്ടുകോണത്ത് നിന്നാണ് പിടികൂടിയത്. കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. ചന്തവിളയിൽ ഒരു കടക്കു മുന്നിലിരുന്ന മദ്യപിക്കുമ്പോഴായിരുന്നു ഒപ്പമുണ്ടായിരുന്നവർ ദീപുവിനെ ആക്രമിച്ചത്.