തിരുവനന്തപുരം : ബജറ്റ് വിമര്‍ശനങ്ങളെ തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റില്‍ പ്രഖ്യാപിച്ച ലോക സമാധാന സമ്മേളന പദ്ധതിക്കെതിരായി ഉയരുന്ന വിമര്‍ശനം അടിസ്ഥാന രഹിതമാണ്. സമാധാന സമ്മേളനത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിമര്‍ശിക്കുന്നവര്‍ അതും കാണണമെന്ന് മന്ത്രി പ്രതികരിച്ചു. എവിടെ യുദ്ധമുണ്ടായാലും അതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് മലയാളികളാണ്. ലോകസമാധാനം നിലനില്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമാധാന സമ്മേളത്തിന്റെ വിശദമായ രൂപരേഖ പിന്നീട് പുറത്തിറക്കുമെന്നും ധനമന്ത്രി പറഞ്ഞു. ‘കേരളത്തില്‍ ഇങ്ങനെ ചെയ്താല്‍ യുദ്ധം ഇല്ലാതാകുമോ എന്നാണ് പലരും ചോദിക്കുന്നത്. അതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ ജനങ്ങള്‍ സമാധാനത്തിനായി മുന്നോട്ട് വരാന്‍ സമാധാന സമ്മേളനം സഹായിക്കും’. മന്ത്രി വ്യക്തമാക്കി. രണ്ട് കോടി രൂപയാണ് ലോകസമാധാനത്തിനായി സമ്മേളനം നടത്താന്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്. പിന്നാലെ നിരവധി ട്രോളുകളും കാര്‍ട്ടൂണുകളും മന്ത്രിയെ പരിഹസിച്ചെത്തിയിരുന്നു.