ദില്ലി : ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകം രാജ്യത്ത് മതഭ്രാന്ത് വളരുന്നതിന്റെ തെളിവാണെന്ന് ആര്‍എസ്എസ്. അഹമ്മദാബാദില്‍ നടക്കുന്ന ആര്‍എസ്എസ് വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മതഭ്രാന്ത് ഗുരുതരമായ വെല്ലുവിളിയായി തുടരുന്നുവെന്നും ആര്‍എസ്എസ് വ്യക്തമാക്കി. കേരളത്തിലെയും കര്‍ണാടകത്തിലെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ ക്രൂരമായ കൊലപാതകങ്ങള്‍ മതഭ്രാന്തിന്റെ ഉദാഹരണമാണ്. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറവില്‍ വര്‍ഗീയ റാലികളും സാമൂഹിക അച്ചടക്ക ലംഘനവും ആചാര ലംഘനങ്ങളും നടക്കുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്ന നികൃഷ്ടമായ പ്രവൃത്തികകള്‍ വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ അതില്‍ പറയുന്നു.
‘സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവേശിക്കാന്‍ ഒരു പ്രത്യേക സമൂഹം വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി കാണപ്പെടുന്നു. ഇതിനെല്ലാം പിന്നില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള നടക്കുന്ന ഗൂഢാലോചനയുണ്ട്. സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യോജിപ്പിനും മുമ്പ് ഇത്തരം വിപത്തുകളെ പരാജയപ്പെടുത്താനുള്ള സംഘടിത ശക്തിയും ഉണര്‍വും സജീവതയും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളുടെ ആസൂത്രിത മതപരിവര്‍ത്തനം സംബന്ധിച്ച് തുടര്‍ച്ചയായ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മതപരിവര്‍ത്തനത്തിന് ചിലര്‍ വ്യത്യസ്തവും നൂതനവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.
ഈ പ്രവണത തടയാന്‍ ഹിന്ദു സമൂഹത്തിലെ സാമൂഹിക-മത നേതാക്കളും സ്ഥാപനങ്ങളും ഉണര്‍ന്ന് സജീവമായിട്ടുണ്ട് എന്നത് ശരിയാണ്. കൂടുതല്‍ ആസൂത്രിതമായി സംയുക്തവും ഏകോപിതവുമായ ശ്രമങ്ങള്‍ നടക്കേണ്ടത് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൂന്ന് ദിവസത്തെ യോഗത്തില്‍ എല്ലാ ഉന്നത ആര്‍എസ്എസ് ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.