പഞ്ചാബ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം പഞ്ചാബ് എഎപി ആഘോഷങ്ങളിലേക്ക്. പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും ഇന്ന് അമൃത്‌സറില്‍ റോഡ്‌ഷോ നടത്തും. ‘പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഗുരു സാഹിബിന്റെ അനുഗ്രഹം വാങ്ങണം. ഞങ്ങളെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുകയാണ്’, ഭഗവന്ത് മന്‍ പ്രതികരിച്ചു. പഞ്ചാബിലെ ധുരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച മന്‍, 58,000 വോട്ടുകള്‍ക്കാണ് വിജയിച്ച് മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നത്. വെള്ളിയാഴ്ച മൊഹാലിയില്‍ നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ മന്നിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ബന്‍വാരിലാലുമായും മന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭഗത് സിങിന്റെ ജന്മസ്ഥലമായ ഖട്കര്‍ കാലാനിലാണ് മാര്‍ച്ച് 16ന് നിയുക്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 92 സീറ്റുകളോടെയാണ് ആം ആദ്മി പാര്‍ട്ടി വിജയം നേടിയത്. 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 18 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി രണ്ടും ശിരോമണി അകാലി ദലി മൂന്നും സീറ്റുകള്‍ നേടി.












