രാജ്കോട്ട്: തകർപ്പൻ ജയത്തോടെ കേരളം വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ക്വാർട്ടറിൽ. ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് സഞ്ജു സാംസന്റെയും കൂട്ടരുടെയും മുന്നേറ്റം. വിജയ് ഹസാരെയിൽ മൂന്നാം തവണയാണ് കേരളം നോക്കൗട്ടിലെത്തുന്നത്. ഗ്രൂപ്പ് ചാമ്പ്യൻമാരായി മുന്നേറുന്നത് ആദ്യമായിട്ടാണ്. ഉത്തരാഖണ്ഡിനെതിരെ 71 പന്തിൽ 83 റണ്ണുമായി പുറത്താകാതെനിന്ന സച്ചിൻ ബേബിയാണ് കേരളത്തിന്റെ വിജയശിൽപ്പി. രണ്ട് സിക്സറും ഏഴ് ബൗണ്ടറികളുമായിരുന്നു സച്ചിൻ ബേബിയുടെ ഇന്നിങ്സിൽ. ഉത്തരാഖണ്ഡ് ഒമ്പതിന് 224 റണ്ണാണെടുത്തത്. കേരളം 35.4 ഓവറിൽ ജയം നേടി.
എം ഡി നിധീഷ് മൂന്ന് വിക്കറ്റെടുത്തു. ബേസിൽ തമ്പി രണ്ടും. ബാറ്റർമാരിൽ വിഷ്ണു വിനോദ് (34), ക്യാപ്റ്റൻ സഞ്ജു (33), വിനൂപ് മനോഹരൻ (28), രോഹൻ കുന്നുമ്മൽ (26) എന്നിവർ സച്ചിൻ ബേബിക്ക് പിന്തുണ നൽകി. 93 റണ്ണെടുത്ത ജയ് ബിസ്ടയാണ് ഉത്തരാഖണ്ഡ് ബാറ്റർമാരിൽ തിളങ്ങിയത്.ക്വാർട്ടറിൽ സർവീസസാണ് എതിരാളികൾ. ഈ മാസം ഇരുപത്തിരണ്ടിനാണ് മത്സരം. ഗ്രൂപ്പുഘട്ടത്തിൽ അഞ്ച് കളിയിൽ നാലിലും കേരളം ജയിച്ചു. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഛണ്ഡീഗഢ്, ഉത്തരാഖണ്ഡ് ടീമുകളെ തോൽപ്പിച്ചു. മധ്യപ്രദേശിനോട് തോറ്റു.
ഗ്രൂപ്പിൽ കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര ടീമുകൾക്ക് 16 വീതം പോയിന്റായിരുന്നു. മികച്ച റൺനിരക്ക് കേരളത്തിനെ തുണച്ചു. മഹാരാഷ്ട്ര അവസാന മത്സരത്തിൽ ഛത്തീസ്ഗ–ഢിനെ തോൽപ്പിച്ചു. ഋതുരാജ് ഗെയ്-ക്ക്-വാദിന്റെ (132 പന്തിൽ 168) സെഞ്ചുറിയാണ് സവിശേഷത. അഞ്ച് കളിയിൽ നാലാം സെഞ്ചുറിയാണ് ഋതുരാജിന്. എങ്കിലും നോക്കൗട്ടിലെത്താനായില്ല മഹാരാഷ്ട്രയ്ക്ക്. 2013ൽ സെമിയിലെത്തിയതായിരുന്നു കേരളത്തിന്റെ മികച്ച പ്രകടനം. കഴിഞ്ഞ സീസണിൽ ക്വാർട്ടറിലെത്തി.