തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൺസഷൻ തുക അവർ തന്നെ നാണക്കേടായി കാണുന്നുവെന്നും അഞ്ച് രൂപ കൊടുത്ത് പലരും ബാക്കി വാങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളെ കയറ്റാത്ത ബസിന്‍റെ പെർമിറ്റ് റദ്ദാക്കും. ബസ് സമരത്തെ കുറിച്ച് ഉടമകൾ അറിയിച്ചില്ല. ബസുടമകളുടെ ആവശ്യം ന്യായമാണെന്നും സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാഭിപ്രായം കൂടി നോക്കിയിട്ട് നിരക്കുയർത്തുന്ന കാര്യം നടപ്പാക്കും. എത്രത്തോളം വർധന വേണ്ടിവരുമെന്നു ചർച്ച ചെയ്യുമെന്നും സൂക്ഷ്മതയോടെ മാത്രമേ നടത്തുകയുള്ളുവെന്നും ആന്‍റണി രാജു പറഞ്ഞു.
ചാർജ് വർധിപ്പിക്കേണ്ടത് സ്വകാര്യ ബസുകളേക്കാൾ കെ.എസ്.ആർ.ടി.സിയുടെ ആവശ്യമാണ്. ബൾക്ക് പർച്ചേഴ്സ് ചെയ്തവർക്ക് വില കൂട്ടിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു. അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.എസ്.യു രംഗത്തെത്തി. മന്ത്രിയുടേത് നിരുത്തരവാദപരമായ പരാമർശമാണെന്നും കൺസഷനെ പുച്ഛത്തോടെയാണ് കാണുന്നതെന്നും സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് പറഞ്ഞു.