കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പ്രശസ്ത ബംഗാളി ടെലിവിഷൻ താരം രൂപാ ദത്ത അറസ്റ്റിൽ. പോക്കറ്റടി ആരോപണത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ അറസ്റ്റ് ചെയ്‍തതെന്നു ബിധാനഗർ നോർത്ത് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. ഒരു സ്ത്രീ ഒരു ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ട പൊലീസുകാരുടെ ഇടപെടലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ചോദ്യം ചെയ്യലിനൊടുവിലാണ് ഇവർ നടിയാണെന്നു തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.
രൂപാ ദത്തയുടെ ബാഗിൽനിന്ന് 75,000 രൂപ പൊലീസ് കണ്ടെടുത്തു. പണം തന്റേതാണെന്നു ആദ്യം അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവിൽ പോക്കറ്റടിച്ചതാണെന്നു നടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോക്കറ്റടിച്ച പണത്തിന്റെ കണക്കുകൾ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗിൽനിന്ന് കണ്ടെടുത്തെന്നും ഇതിനു മുൻപും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നും ബിധാനഗർ നോർത്ത് പൊലീസ് അറിയിച്ചു.
നേരത്തെ, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു ആരോപിച്ച് രൂപാ ദത്ത രംഗത്തു വന്നിരുന്നുവെങ്കിലും അന്വേഷണത്തിൽ നടിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഇവർ പങ്കുവച്ചിരുന്നെങ്കിലും അത് അനുരാഗ് എന്ന പേരിലുള്ള മറ്റൊരു വ്യക്തിയുമായി നടത്തിയ സംഭാഷണമാണെന്നും സംവിധായകൻ അനുരാഗ് കശ്യപിന്റെതല്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ബംഗാൾ കർണി സേനയുടെ സംസ്ഥാന പ്രസിഡന്റാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്.