കോഴിക്കോട്: വിദ്യാര്‍ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്താവനക്കെതിരേ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. രണ്ടുരൂപയുടെ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്കുതന്നെ നാണക്കേടാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്കെതിരേയാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അടക്കമുള്ളവയുടെ നേതാക്കള്‍ രംഗത്തെത്തിയത്.
മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും എസ്.എഫ്.ഐ. നേതാക്കള്‍ പ്രസ്താവനയിലൂടെ പറഞ്ഞു. മന്ത്രിയുടെ അഭിപ്രായപ്രകടനം പ്രതിഷേധാര്‍ഹമാണെന്നും അഭിപ്രായം തിരുത്തണമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷും സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ.യും ആവശ്യപ്പെട്ടു.
മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തും പ്രതികരിച്ചു. പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകണമെന്നും മന്ത്രി മാളികയില്‍ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, വിദ്യാര്‍ഥി സമൂഹത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കില്‍ അത്തരം നടപടികളെ പ്രതിരോധിക്കാന്‍ കെ.എസ്.യു മുന്നിലുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിദ്യാര്‍ഥികളെ അപമാനിച്ച മന്ത്രി ആന്റണി രാജു വിദ്യാര്‍ഥി സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടു.