കൊല്ലം: ക്ഷേത്ര സന്നിധിയിൽ വച്ച് മാല മോഷണം പോയതറിഞ്ഞ് കരഞ്ഞു നിലവിളിച്ച വയോധികയെ ആശ്വസിപ്പിക്കാൻ സ്വന്തം കൈയിലെ സ്വർണ വളകൾ ഊരി നൽകിയ സ്ത്രീയെ തേടി നാട്. കൊല്ലം പട്ടാഴി ദേവി ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. കശുവണ്ടി തൊഴിലാളിയായ സുഭദ്രയ്ക്കാണ് ഒരു മുന്‍ പരിചയവും ഇല്ലാത്തൊരു സ്ത്രീ തന്‍റെ കൈയിലെ രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണ വളകള്‍ നല്‍കിയത്.
ഊരും പേരും അറിയാത്തൊരു നല്ല മനസുകാരിയുടെ സ്നേഹത്തില്‍ ചാലിച്ച സ്വര്‍ണം കൊണ്ട് തീര്‍ത്ത മാലയാണ് സുഭദ്രാമ്മയുടെ കൈയിലിരിക്കുന്നത്. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് കൊട്ടാരക്കര മൈലത്ത് കശുവണ്ടി തൊഴിലാളിയായ സുഭദ്ര പട്ടാഴി ദേവീക്ഷേത്രത്തില്‍ ഉല്‍സവം തൊഴാന്‍ പോയത്. ക്ഷേത്രാങ്കണത്തില്‍ വച്ച് കഴുത്തില്‍ കിടന്ന രണ്ടു പവന്‍ തൂക്കമുളള സ്വര്‍ണ മാല നഷ്ടപ്പെട്ടു. വിവരമറിഞ്ഞ സുഭദ്രാമ്മ ക്ഷേത്രമുറ്റത്ത് കിടന്ന് വലിയ വായില്‍ കരഞ്ഞു.
കരച്ചില്‍ കണ്ട മറ്റൊരു സ്ത്രീ കൈയില്‍ കിടന്ന രണ്ടു പവന്‍ തൂക്കം വരുന്ന രണ്ടു സ്വര്‍ണ വളകള്‍ ഊരി സുഭദ്രയ്ക്ക് കൊടുത്തു. വള വിറ്റ് കിട്ടുന്ന പണം കൊണ്ട് മാല വാങ്ങണമെന്ന് പറഞ്ഞ് സ്വന്തം പേരു പോലും പറയാതെ അവര്‍ മടങ്ങുകയും ചെയ്തു. സംഭവമറിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമെല്ലാം നല്ല മനസുളള ആ സ്ത്രീയെ കണ്ടെത്താനുളള ഓട്ടത്തിലാണ്.സിസിടിവി ദൃശ്യങ്ങളില്‍ ആ നന്മ മനസിന്‍റെ മുഖം തെളിഞ്ഞെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സാക്ഷാല്‍ ദേവി തന്നെ സുഭദ്രാമ്മയുടെ മുന്നില്‍ അവതരിച്ചതാണെന്ന് വിശ്വസിക്കുന്നവരുണ്ട് പട്ടാഴിയില്‍. അതെന്തായാലും ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്ന ആ സ്ത്രീയുടെ സ്ഥാനം തന്‍റെ മനസിലെന്നും ദൈവത്തിന് തുല്യമായിരിക്കുമെന്ന് സുഭദ്രാമ്മ പറയുന്നു.