കോഴിക്കോട് : കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളില്‍ കടല്‍ വെള്ളത്തിന് നിറം മാറ്റം. ഇന്ന് രാവിലെയോടെയാണ് കടലിന്റെ നിറ മാറ്റം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കടലിന് അസാധാരണമാംവിധം പച്ച നിറം അനുഭവപ്പെട്ടതോടെ അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. കാപ്പാട്, ഏഴുകുടിക്കല്‍, കവലാര്‍, കൊയിലാണ്ടി, മന്ദമംഗലം, പാറപ്പള്ളി, പയ്യോളി , കൊളാവിപ്പാലം ഭാഗങ്ങളില്‍ പച്ച നിറത്തിലാണ് വെള്ളം കാണപ്പെടുന്നത്. നിരവധിയാളുകളാണ് പ്രദേശത്ത് കടലിന്റെ നിറമാറ്റം കാണാന്‍ എത്തുന്നത്. ചെറിയ നിറമാറ്റം ഉണ്ടാവാറുണ്ടെങ്കിലും ഇത്ര കടുനിറത്തില്‍ കാണുന്നത് ആദ്യമായാണെന്ന് കൊയിലാണ്ടി ബീച്ചിലെ എ.കെ രാജന്‍ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതാണ് കടല്‍ പച്ചനിറത്തിലേക്ക് വഴിമാറാന്‍ കാരണമെന്നാണ് കരുതുന്നത്. അതേ സമയം ഇന്നലെ ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പവുമായി ഇതിന് ബന്ധമുണ്ടോ എന്ന സംശയം ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇന്നലെ റിച്ചര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇന്തോനേഷ്യയില്‍ 7 പേര്‍ മരിക്കുകയും 600 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് കൊയിലാണ്ടി തീരത്തിനടുത്ത് തിമിംഗലം എത്തിയതും വെള്ളത്തിന്റെ നിറം മാറ്റത്തിനൊപ്പം ചര്‍ച്ചയാവുന്നുണ്ട്.