തിരുവനന്തപുരം: താമസസ്ഥലത്തിന് സമീപം റഷ്യന്‍-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോള്‍ ബങ്കറിനുള്ളില്‍ ഒരുനേരം മാത്രം ആഹാരം കഴിച്ച് ജീവനും കൈയില്‍ പിടിച്ച് കഴിഞ്ഞ വിദ്യാര്‍ഥികളുടെ അവസ്ഥ നടുക്കത്തോടെ വിവരിക്കുകയാണ് ഹരികൃഷ്ണന്‍. യുദ്ധഭൂമിയില്‍നിന്ന് ഓപറേഷന്‍ ഗംഗയിലൂടെ നാടണഞ്ഞ തിരുവനന്തപുരം വെമ്പായം കൊപ്പം സ്വദേശിയും യുക്രൈനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുമായ ഹരികൃഷ്ണന്‍ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ സമീപത്തുനിന്ന മാതാപിതാക്കളുടെ കണ്ണുകളിലും അതിന്റെ ഉള്‍ഭയം നിഴലിച്ചു.
ആദ്യ നാളുകളില്‍ ശേഖരിച്ചു വെച്ചിരുന്ന ആഹാരം തീര്‍ന്നു തുടങ്ങിയപ്പോള്‍ ഭക്ഷണം രണ്ടു നേരം എന്നുള്ളത് ഒരു നേരമായി ചുരുക്കി. ഷെല്ലുകള്‍ ഞങ്ങള്‍ താമസിക്കുന്നതിനടുത്തു വീണുപൊട്ടാന്‍ തുടങ്ങി ആ സമയം ഞങ്ങള്‍ താമസിച്ചിരുന്ന കെട്ടിടം നന്നായി കുലുങ്ങുമായിരുന്നു. പിന്നെ നിലയ്ക്കാത്ത വെടിയൊച്ചകളും സ്ഥിരമായി- ഹരികൃഷ്ണന്‍ പറയുന്നു. ബങ്കറിനുള്ളില്‍ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതമായിരുന്നു. മഞ്ഞു വീഴ്ച സമയത്തു അത് ശേഖരിച്ച് ഉരുക്കിയാണ് കുടിവെള്ളത്തിന്റെ ആവശ്യം നിറവേറ്റിയത്.
ബങ്കറിനുള്ളില്‍ കിടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇലക്ട്രിക് സബ് സ്റ്റേഷനും, വാട്ടര്‍ സപ്ലെയും റഷ്യന്‍ സൈന്യം ബോംബിട്ടു തകര്‍ത്തതോടെ വൈദ്യുതിയും വെള്ളവും ഇല്ലാത്ത അവസ്ഥയായിരുന്നു. ബങ്കറിനുള്ളില്‍ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റി പഠിക്കുന്ന ഹരികൃഷ്ണന് ഒപ്പം 600 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു അതില്‍ 540 പേര്‍ ഇന്ത്യക്കാരായിരുന്നു. അവരില്‍ മുക്കാല്‍ഭാഗവും മലയാളികളും ആയിരുന്നു കൂടെ ഉണ്ടായിരുന്നവരില്‍ എല്ലാവരും നാട്ടില്‍ എത്തിയതായി ഹരികൃഷ്ണന്‍ പറഞ്ഞു