ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താൻ അതുമാത്രമാണ് പരിഹാരം.രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് അത് സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യ-യുക്രൈൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുയുടെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ വിളിച്ച ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ‘ഓപറേഷൻ ഗംഗ’ വിലയിരുത്തിയ മോദി കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതിനിടെ ഇന്ത്യൻ അതിർത്തികളിലെയും വ്യോമ, സമുദ്ര മേഖലകളിലെയും സുരക്ഷ സജ്ജീകരണങ്ങളും യോഗം വിലയിരുത്തി.
അതേസമയം യുക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രൈനിലെ സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യയുടെ അധിനിവേശം പടിഞ്ഞാറന്‍ യുക്രൈനിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനിലെ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ തീരുമാനം പുന:പരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.