പാകിസ്താൻ : ഇന്ത്യൻനിർമിത മിസൈൽ പാകിസ്താൻ വ്യോമാതിർത്തി ലംഘിച്ച വിഷയത്തിൽ ഉന്നതതല കോടതി അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്താൻ. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അബദ്ധവശാൽ സംഭവിച്ചതാണെന്ന ഇന്ത്യയുടെ മറുപടി സംഭവത്തെ നിസാരവത്കരിക്കുന്നതാണെന്നും തൃപ്തികരമല്ലെന്നും പാകിസ്താൻ വക്താവ് പറഞ്ഞു. സാങ്കേതികതകരാർ കാരണമാണ് മിസൈൽ പാകിസ്താൻ പ്രദേശത്ത് പതിച്ചത് എന്ന ഇന്ത്യയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. സംഭവത്തിൽ ഇന്ത്യ ഖേദപ്രകടനവും നടത്തിയിരുന്നു. എന്നാൽ ഇത് തൃപ്തികരമല്ലെന്നാണ് പാകിസ്താന്റെ നിലപാട്. തുടർന്നാണ് ഉന്നതതല കോടതി അന്വേഷണത്തിന് പാകിസ്താൻ ഉത്തരവിട്ടിരിക്കുന്നത്.
പരീക്ഷണത്തിനിടെയാണ് അബദ്ധം സംഭവിച്ചതെന്നാണ് ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗിക വിശദീകരണം നൽകിയത്. അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ മറുപടി നൽകിയിരുന്നു.