ഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ ഒരുകൂട്ടം നേതാക്കള്‍ നേതൃമാറ്റത്തിനായി സമര്‍ദം കടുപ്പിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ ഭാരവാഹികളുടെ ചുമതലകളില്‍ മാറ്റം ഉണ്ടാകുമെന്ന് സൂചന. പാര്‍ട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിക്ക് കാരണം ദേശീയ നേതൃത്വത്തിലെ ഭാരവാഹികളുടെ വീഴ്ചയാണെന്ന വിമര്‍ശനം പ്രവര്‍ത്തകസമിതി യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് നടപടി. അഴിച്ചുപണി സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ മുതിര്‍ന്ന നേതാക്കളുമായി ഇതിനകം ആശയവിനിമയം നടത്തിയ എന്നാണ് വിവരം. പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം കഴിയുന്നതിനു മുന്‍പ് തന്നെ ഭാരവാഹികളുടെ ചുമതലകളില്‍ പുനക്രമീകരണം ഉണ്ടാകും.
പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം ചിന്തന്‍ ശിബിരം നടത്താനും കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം വലിയ വീഴ്ചകള്‍ സംഭവിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷ സ്വയം വിമര്‍ശനം നടത്തിയിരുന്നു. അതേസമയം പ്രവര്‍ത്തകസമിതി യോഗത്തില്‍ തുടര്‍ച്ചയായി ജി23 നേതാക്കള്‍ വീണ്ടും യോഗം ചേരും. പ്രവര്‍ത്തകസമിതി ക്ക് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആണ് യോഗം. ഈയാഴ്ച തന്നെ യോഗം ഡല്‍ഹിയില്‍ നടക്കും എന്ന് ജി-23 വൃത്തങ്ങള്‍ അനൗദ്യോഗികമായി വ്യക്തമാക്കി.