ന്യൂഡൽഹി : ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന കെഎസ്ആർടിസിയുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ലിറ്ററിന് ആറ് രൂപയോളം അധികം നൽകി ഡീസൽ വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് വില നിർണയത്തിന് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചത്. റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഊർജ രംഗത്തെ വിദഗ്ധരെയും കൂടി ഉൾപ്പെടുത്തിയാകണം പ്രത്യേക അതോറിറ്റി. ഇതിനാവശ്യമായ നിർദേശം കേന്ദ്രസർക്കാരിന് നൽകണമെന്നും കെഎസ്ആർടിസിയുടെ ഹർജിയിൽ ആവശ്യപ്പെട്ടു.
ഫെബ്രുവരി ഒന്ന് മുതൽ കെഎസ്ആർടിസി തുടങ്ങി ബൾക്ക് പർച്ചെയ്‌സർ വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്ക് വിപണി വിലയേക്കാൾ കൂടുതൽ തുകയ്ക്കാണ് എണ്ണ കമ്പനികൾ ഡീസൽ വിൽക്കുന്നത്. ഈ തീരുമാനം റദ്ദാക്കണമെന്നും കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.